വെള്ളിയാഴ്‌ച, ജനുവരി 25, 2013

കുഞ്ഞുണ്ണിക്കവിതകള്‍

കാണരുതാത്തതു നോക്കരുത്
കേള്‍ക്കരുതാത്തതു പറയരുത്
ചെയ്യരുതാത്തതു തോന്നരുത്

പരഗുണം പര്‍വതീകരിച്ചുകാണുക
പരദോഷം കാണാതിരിക്കുകയും ചെയ്ക

ഒരുമിനിട്ടൊരു മിനിട്ടാണതുകൊണ്ടതും
മിടുമിടുക്കോടെ പണിയെടുക്കണം
പിന്നെയാകട്ടെയെന്നുവയ്ക്കുന്നവന്‍
പിന്നില്‍നിന്നുകേറില്ലൊരിക്കലും

ഉണ്ടായാലില്ലാതാകുമതുസങ്കടമാ-
ണെങ്കിലുണ്ടാക്കേണ്ടുണ്ടാക്കേ
ണ്ടുണ്ടാക്കേണ്ടൊന്നുംതന്നെ

ഹൃദയത്തിന്‍മേലെയല്ലോ
കുപ്പായകീശവെപ്പു നാം
നമുക്കു ഹൃദ്യം പണമാ
ണെന്നതിന്‍ തെളിവാണിത്

വ്യാഴാഴ്‌ച, ജനുവരി 24, 2013

കുറത്തിയാട്ടം

കേരളത്തിലെ ഒരു ഗ്രാമീണകലാരൂപമാണ്‌ കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിവയാണ് ഇതിന്റെ വകഭേദങ്ങൾ
 കുറവൻ, കുറത്തി, നാട്ടുപ്രമാണി,വൃദ്ധൻ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. തൃശൂര്‍പൂരത്തിന് പങ്കെടുക്കാൻ യാത്ര പോകുന്ന കുറവനും കുറത്തിയും തിക്കിലും തിരക്കിലും പെട്ട് കാണാതാകുകയും അവസാനം അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുന്നതാണ് വടക്കന്‍കുറത്തിയാട്ടത്തിന്‍റെ ഇതിവൃത്തം.കുറത്തി, കുറുവൻ, മുത്തിയമ്മ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. പാർവതിയേയും മഹാലക്ഷ്മിയേയും പ്രതിഫലിപ്പിക്കുന്ന ഇതിലെ കുറത്തിവേഷങ്ങൾ ഭർത്താക്കൻമാരുടെ കുറ്റം പറയുകയും തർക്കത്തിലാകുകയും ചെയ്യുന്നു. അവസാനം സരസ്വതിയെ അവതരിപ്പിക്കുന്ന കുറത്തിയെത്തി ഇവരുടെ തർക്കം പരിഹരിക്കുന്നതാണ് തെക്കൻ കുറത്തിയാട്ടത്തിന്‍റെ ഇതിവൃത്തം
മലബാര്‍ പ്രദേശത്തുള്ള കാക്കാലന്‍മാരെ പണ്ടുപണ്ടേ കാക്കാലക്കുറവര്‍ എന്നാണ് വിളിച്ചുവന്നത്. കാലക്രമേണ കുറവന്‍, കുറത്തി എന്നിങ്ങനെ ആ പേര് ചുരുങ്ങി (തമിഴ്നാട്ടിലും ചില സ്ഥലങ്ങളില്‍ കുറവരെന്ന് കാക്കാലരെ വിളിക്കാറുണ്ട്). കുറത്തിയാട്ടത്തിലെ പ്രധാന നായികയായ കുറത്തി യഥാര്‍ഥത്തില്‍ കാക്കാത്തി തന്നെയാണ്. കുറവന്‍, വൃദ്ധന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. കുറത്തിക്ക് നല്ലതുപോലെ നൃത്തമറിയാം. മികച്ച പാട്ടുകാരിയുമാണ്.
കണ്ണൂര്‍ജില്ലയില്‍ പയ്യന്നൂരും സമീപപ്രദേശങ്ങളിലുമാണ് കുറത്തിയാട്ടം പ്രചാരത്തിലുണ്ടായിരുന്നത്. അത്രയേറെ പഴക്കമൊന്നും കുറത്തിയാട്ടത്തിനില്ല. മഹാപണ്ഡിതന്‍മാരായ പൊതുവാളന്മാരും പണിക്കന്മാരും എഴുത്തച്ഛന്‍മാരും കുറത്തിയാട്ടമെഴുതിയിട്ടുണ്ടെന്ന് അന്നാട്ടുകാര്‍ പറയുന്നു. സംസ്കൃതപണ്ഡിതനും നാടന്‍കലാചിന്തകനുമായിരുന്ന എ.കെ.കൃഷ്ണപ്പൊതുവാള്‍ രണ്ട് കുറത്തിയാട്ടമെഴുതിയിട്ടുണ്ട്.
'എട്ടുമാസമായി കെട്ടിയോന്‍ വിട്ടുപോയ' കുറത്തി ആടിപ്പാടി പ്രവേശിക്കുന്നതോടെയാണ് ഈ ഗ്രാമീണനാടകം തുടങ്ങുന്നത്. നാനാദേശങ്ങള്‍ തെണ്ടിനടന്നിട്ടാണ് അവിടെ വന്നിട്ടുള്ളത്. പലതരത്തിലുള്ള പച്ചകള്‍ കുത്തിയാണ് കഴിയുന്നത്. തൃശൂര്‍പൂരത്തിനു പോയപ്പോഴാണ് കുറവനെ പിരിഞ്ഞത്. രണ്ടാം രംഗത്തില്‍ കുറത്തിയെ അന്വേഷിച്ച് കുറവന്‍ വരുന്നു. തന്റെ കുറത്തിയെ എവിടെയെങ്കിലും കണ്ടവരുണ്ടോ എന്നവന്‍ ചോദിക്കുന്നു. തൃശൂര്‍പൂരത്തിന്റെ ബഹളങ്ങള്‍ വര്‍ണിച്ച് പാടുകയും അവിടെവച്ച് കുറത്തിയെ പിരിഞ്ഞ കഥ അയാളും പറയുകയും ചെയ്യുന്നു. ഏറെക്കാലം കുറത്തിയെ കാണാതിരുന്നതുകൊണ്ട് അവള്‍ 'മോശക്കാരി'യാണെന്നു പറഞ്ഞ് ചില കുറ്റങ്ങളെല്ലാമാരോപിക്കുന്നു. അടുത്ത രംഗത്തില്‍ വൃദ്ധന്‍ പ്രവേശിക്കും. അപ്പോള്‍ കുറത്തി ബാപ്പുജിയുടെ ശാന്തിമന്ത്രത്തെപ്പറ്റിയും ചര്‍ക്കയെപ്പറ്റിയും പാടുന്നു. അവള്‍ക്ക് ഗാന്ധിയെപ്പറ്റി എല്ലാമറിയാമെന്ന് വൃദ്ധനെ ബോധ്യപ്പെടുത്തുന്നു.
വൃദ്ധനും കുറത്തിയുമായുള്ള സംഭാഷണം അങ്ങനെ നീണ്ടുപോകുമ്പോള്‍ കുറവന്‍ പ്രവേശിക്കുന്നു. അവളുടെ കൈകളില്‍ കണ്ട മാണിക്യരത്നമോതിരം എങ്ങനെ കിട്ടി, ചുണ്ടുകളുടെ നിറം ചെന്തൊണ്ടിപ്പഴം പോലെയായതെങ്ങനെ തുടങ്ങിയ സംശയാസ്പദങ്ങളായ ചോദ്യങ്ങളുന്നയിക്കുന്നു (കാക്കാരിശ്ശിനാടകത്തിലും പൊറാട്ടുനാടകത്തിലും ഇതുപോലുള്ള ചോദ്യോത്തരങ്ങളുണ്ട്. 'ചീകിത്തിരുമ്മിയ പീലിത്തലമുടി എങ്ങനളിഞ്ചിതെടീ കുറത്തീ...' തുടങ്ങിയ പാട്ടുകള്‍ നോക്കുക.). ഒടുവില്‍ ഇരുവരും സമവായത്തിലെത്തുകയും 'കൈയ്നോക്കിയും' 'പാമ്പിനെ കളിപ്പിച്ചും' ജീവിക്കുകയും ചെയ്യുന്നു.
മറ്റു ചില നാടോടിനാടകങ്ങളില്‍ കാണുന്നതുപോലെ കുറത്തിയാട്ടത്തിലും കുറത്തി, കുറവനെ അന്വേഷിച്ചിറങ്ങുന്നതായിട്ടാണ് നാടകം തുടങ്ങുന്നത്. കുറവനെ കണ്ടുമുട്ടുന്നതുവരെ തമ്പ്രാനുമായുള്ള സംഭാഷണത്തില്‍ ഗാന്ധിജിയെയും മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളെയും ദേശീയസമരത്തെയും വിഷയമാക്കുന്നു എന്നുള്ളത് കുറത്തിയാട്ടത്തിന്റെ സവിശേഷതയാണ്. പൊറാട്ടുനാടകത്തില്‍ കേവലം സ്തുതിപ്പാട്ടായി മാത്രമേ ഗാന്ധിചരിത്രം പരാമര്‍ശിച്ചിട്ടുള്ളൂ. എന്നാല്‍ കുറത്തിയാട്ടത്തിലാകട്ടെ, മഹാത്മാവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ദീര്‍ഘനേരം ചര്‍ച്ച ചെയ്യുകയുണ്ടായി. ഇത് സോദ്ദേശ്യം കവി ചെയ്തതാണ്. നാടോടി നാടകത്തെയും നാട്ടരങ്ങിനെയും ദേശീയസമരത്തിന്റെ ഭാഗമാക്കിയ കുറത്തിയാട്ടത്തിന്റെ രചയിതാവും സംവിധായകനും പ്രശംസയര്‍ഹിക്കുന്നു.
നടീനടന്മാരുടെ ചമയങ്ങളും പുതിയ മട്ടിലാണ്. പാട്ടിന് ഹാര്‍മോണിയം, മൃദംഗം, ഫ്ളൂട്ട് തുടങ്ങിയവയാണ് വാദ്യങ്ങള്‍ .

ബുധനാഴ്‌ച, ജനുവരി 23, 2013

കാക്കരിശ്ശിനാടകം

കേരളത്തിലെ നാടോടികളായ കാക്കാലന്മാര്‍പരമ്പഗാഗതമായ രീതിയിൽ അവതരിപ്പിച്ചു വരുന്ന ആക്ഷേപഹാസ്യനാടകമാണ് കാക്കരിശ്ശിനാടകം.സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ ഉൾച്ചേർന്ന കലാരൂപമാണ് കാക്കാരിശ്ശി നാടകം. മധ്യതിരുവിതാംകൂറിന് തെക്കോട്ടുള്ള പ്രദേശങ്ങളിൽ നിലനിന്നു പോന്നിരുന്ന ഒരു നാടൻ കലയാണിതു്. മധ്യതിരുവതാംകൂറിൽ പാണന്മാര്‍ , കമ്മാളന്മാര്‍ എന്നിവരും, തെക്ക് ഈഴവരും കുറവരുമാണ്ഇവ അവതിരിപ്പിക്കുന്നതു്.
കാക്കാരിശ്ശികളി. കാക്കാലച്ചിനാടകം, കാക്കാരുകളി എന്നും കേരളത്തിൻറെ ചിലഭാഗങ്ങളിൽ അറിയപ്പെടുന്നു.ശിവന്‍ ,പാര്‍വതി ,ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാടകങ്ങൾ അരങ്ങേറുന്നത്. ഇവർ സമൂഹത്തിലെ ഏറ്റവും താഴ്ന്ന സമുദായമായ കാക്കാലന്മാരുടെ ഇടയിൽ ജനിക്കുന്നതായാണ് കഥയുടെ പ്രധാന ചട്ടക്കൂട്. ഇതിനോട് അനുദിനത്തിലെ കഷ്ടപ്പാടുകളും വിഷമതകളും മനുഷ്യന്റെ വിവിധഭാവങ്ങളും ചേർത്താണ് കഥയുടെ മറ്റു ഭാഗങ്ങൾ രൂപപ്പെടുത്തുന്നത്. മൂന്ന് പ്രധാന തരങ്ങളിലാണ് കാക്കരിശ്ശി നാടകം അവതരിപ്പിച്ചു വരുന്നത്ഈ കലാരൂപത്തിന്റെ ഉത്ഭവം തമിഴ്നാട്ടില്‍ നിന്നാണ്‌‍.  മലവേടർ അവതരിപ്പിക്കുന്ന കാക്കാരിശ്ശി വേടരുകളി എന്നറിയപ്പെടുന്ന (തമിഴ്) ഒന്നിൽ നിന്നാണ് ഉത്ഭവം കൊണ്ടത്. കുറവർ അവതരിപ്പിക്കുന്നതിന്റെ പൂർവ രൂപമാകടെ കുറത്തികളിയും. എന്നാൽ മേൽ പറഞ്ഞ പൂർവരൂപങ്ങളിൽ നിന്ന് കാക്കാരിശ്ശികളിയിലേക്കുള്ള പരിണാമം എങ്ങനെയായിരുന്നു എന്ന് വ്യക്തമായ അറിവില്ല. ഗ്രാമപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപം നഗരങ്ങളിലുള്ളവരേയും ആകർഷിക്കുകയും കൂടുതൽ അന്യജാതിക്കാർ ഈ കലാരൂപത്തെ വളർത്താൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.കേരളത്തിലെ ജാതിസമ്പ്രദായത്തിൽ ഏറ്റവും താഴെക്കിടയിലുള്ളവരെന്ന് കരുതിപ്പോന്നിരുന്ന കാക്കാലർ നാടോടികളായ വർഗ്ഗങ്ങളാണ്‌. ഇന്നും അവർ നാടോടി പാരമ്പര്യം ഏറെക്കുറെ കാത്തുസൂക്ഷിക്കുന്നു. ഭിക്ഷാടനം അവർ അവരുടെ പൈതൃകമായി ലഭിച്ച ജോലിയായി കരുതിപ്പോരുന്നു. ഹസ്തരേഖാശാസ്ത്രം , പക്ഷിശാസ്ത്രം തുടങ്ങിയ ജോലികളും അവർ ചെയ്തുവരുന്നു.കുട നന്നാക്കുന്നവരും ചെരുപ്പുകുത്തികളും ഉണ്ട്. തമിഴും മലയാളവും കലർന്ന ഭാഷയാണ്‌ ഉപയോഗിക്കുന്നത്. കാക്കാരിശ്ശി നാടകത്തിന്റെ പേർ അവരിൽ നിന്നാണുണ്ടായത്.

കാക്കാന്മാർ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയരങ്ങിലേക്ക് കാക്കാന്റെ പിന്നിലായി വരുന്ന തബ്രാനുമായുള്ള ചൊദ്യോത്തരത്തിലൂടെയാണ് കളിയുടെ ആരംഭം. കളി ഏകദേശം നാലുമണിക്കൂറോളം നീണ്ടുനിൽക്കും. കളിക്കിടയിൽ പല ഉപകഥകളും കൂട്ടിചേർക്കാറുണ്ട്. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഉപയോഗിക്കുന്നതു്. വാദ്യോപകരണങ്ങളായി ഇലത്താളം, ഗഞ്ചിറ, മൃദംഗം, കൈമണി എന്നിവ ഉപയോഗിക്കുന്നു.

ചൊവ്വാഴ്ച, ജനുവരി 22, 2013

കണ്യാർകളി.

പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാനകലയാണ് കണ്യാർകളി. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപമാണിത്. എല്ലാ കൊല്ലവും മേടമാസത്തിലാണ്‌ കണ്യാർകളി നടക്കാറുള്ളത്. വിഷുവേല കഴിഞ്ഞ ശേഷം ആഴ്ചപ്പാങ്ങും നാളും നോക്കിയിട്ടേ കളി കുമ്പിടാറുള്ളു. കളി അവസാനിപ്പിക്കുന്നതിനും പ്രത്യേകം ദിവസങ്ങളുണ്ട്. ഉർവ്വരാരാധനാപരമാണ് കണ്യാർകളി. ഭഗവതിക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽവെച്ചാണ് കളിക്കുന്നത്. വിളക്കിനു ചുറ്റുമായി പാടിക്കൊണ്ടാണ് കളി. ചിലയിടങ്ങളിൽ മൂന്നും ചിലയിടങ്ങളിൽ നാലും ദിവസങ്ങളിലായിട്ടാണ് ഇത് നടത്തിവരുന്നത്.

ഈ നാടൻ‌കല താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും രസങ്ങൾ ഉൾക്കൊള്ളുന്നു. പരദേവതകളുടെ പ്രീതിക്ക് വേണ്ടി ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലോ പരിസരങ്ങളിലോ ആണ് നടത്തുന്നത്.

ചെണ്ട,മദ്ദളം,ചേങ്ങില,കുറുങ്കുഴൽ,ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിയ്ക്കുന്നു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് ആദ്യവും ശേഷം കളിയാശാനും പന്തലിൽ പ്രവേശിക്കുന്നു. ദ്രുതം,അതിദ്രുത,ഇടമട്ട് എന്നിവയാണ് പ്രധാനകലാശങ്ങൾ.


വട്ടക്കളി, പൊറാട്ടുകളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്. ഈശ്വരപ്രീതിയ്ക്കായുള്ള അനുഷ്ഠാനകലയാണ് വട്ടക്കളി എങ്കിൽ നാടോടിനാടകാവതരണമാണ് പൊറാട്ടുകളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ളവർ ഒന്നിച്ച് ആവേശപൂർവ്വം പാടി, ചുവടുവെച്ച് കളിപ്പന്തലിലേയ്ക്ക് കടന്നുവരും. ഇവരെ നയിച്ചുകൊണ്ട് പള്ളിവാളും ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നുതവണ പ്രദക്ഷിണംവെച്ച് കരക്കാർ പൊറാട്ടുവേഷക്കാർക്കുവേണ്ടി കളിപ്പന്തൽ ഒഴിഞ്ഞുകൊടുക്കുന്നു.

ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതിൽ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യഭക്തരായ ആണ്ടികൾ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം,തത്ത്വചിന്ത എന്നിവ ഉൾക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങൾ അവതരിപ്പിയ്ക്കുന്നതിനാൽ വള്ളോൻ എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു.

ക്ഷേത്രത്തിനു മുന്നിൽ കെട്ടിയുണ്ടാക്കുന്ന ഒൻപതു കാൽ പന്തലിലാണ് കളി നടക്കുന്നത്. കുരുത്തോല,മാവില,കണിക്കൊന്ന തുടങ്ങിയവ ഉപയോഗിച്ച് പന്തൽ അലങ്കരിയ്ക്കുന്നു. പന്തലിനു മുകളിൽ 102 നിരത്തിട്ട് പരമ്പുകളിട്ട് മൂടുന്നു. പാലക്കാടൻ ഗ്രാമങ്ങളിൽ മീനം, മേടം മാസങ്ങളിൽ പുതിയ കൃഷിയിറക്കുന്നതിനു മുൻപ്, ജനങ്ങൾ വിശ്രമിക്കുന്ന കാലത്താണ് ഈ കല അവതരിപ്പിക്കപ്പെടുന്നത്. ഐശ്വര്യം നിറഞ്ഞ ഒരു വർഷത്തേക്കുള്ള തങ്ങളുടെ പ്രാർത്ഥനയാണ് ഇതിലൂടെ ഇവർ ഉദ്ദേശിക്കിന്നത്. ഇതിനു തെളിവായി കളി അവസാനിക്കുന്ന സമയത്ത് പൂവാരൽ എന്ന ഒരു ചടങ്ങും നടത്തിവരുന്നു. ഈ ചടങ്ങിൽ ദേവിയെ വന്ദിക്കാനായി ഉപയോഗിക്കുന്ന അരിയും പൂവും ഭസ്മവും ഒരു വർഷക്കാലം ഈ ദേശക്കാർ സൂക്ഷിക്കുന്നു.

വെള്ളിയാഴ്‌ച, ജനുവരി 18, 2013

പൂരക്കളി


പൂരോത്സവത്തോടനുബന്ധിച്ച് പുരുഷന്മാര്‍ നടത്തുന്ന കളിയാണ് പൂരക്കളി. ഉത്തരകേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും നടത്തപ്പെടുന്ന ഒരനുഷ്ഠാന കലകൂടിയാണിത്. മീനമാസത്തിലെ പൂരം നാളില്‍ ചടങ്ങുകള്‍ തീരുന്ന വിധത്തില്‍ ഒന്‍പത് ദിവസങ്ങളിലായാണ് പൂരക്കളി അരങ്ങേറുന്നത്. പ്രായഭേദമില്ലാതെ കളിക്കുന്ന പൂരക്കളിയില്‍ കളിക്കാരുടെ എണ്ണത്തിന് നിബന്ധനകളൊന്നുമില്ല. 
കാമദേവനുമായി ബന്ധപ്പെട്ട കഥയാണ് പൂരോത്സവത്തിന്റെയും പൂരക്കളിയുടെയും അടിസ്ഥാനം. മനുഷ്യരില്‍ കാമവികാരം ജനിപ്പിക്കുന്ന ദേവനാണല്ലോ കാമദേവന്‍. ഉഗ്രകോപിഷ്ഠനായ പരമശിവന്റെ മനസ്സിളക്കാന്‍ ഒരിക്കല്‍ കാമദേവന്‍ ശ്രമിച്ചു. ശിവന്റെ മനസ്സില്‍ കാമചിന്തകളുണര്‍ത്താന്‍ മലരമ്പനായ കാമന്‍ മലരമ്പുകള്‍ എയ്തുകൊണ്ടിരുന്നു. ധ്യാനത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന പരമശിവനാകട്ടെ കണ്ടത് മുന്നില്‍ വില്ലും കുലച്ചു നില്‍ക്കുന്ന കാമദേവനെ. കോപിഷ്ഠനായ ശിവന്റെ തൃക്കണ്ണില്‍ നിന്നും ഒരഗ്നിഗോളം കാമദേവനു നേരെ പാഞ്ഞുചെന്നു. കാമദേവന്‍ കരിഞ്ഞു വെണ്ണീറായി. ഇതോടെ ഈരേഴു പതിനാലു ലോകങ്ങളിലും ആര്‍ക്കും കാമം എന്ന വികാരം ഇല്ലാതായി. ഇനി എന്തു ചെയ്യേണ്ടു എന്നറിയാതെ ദുഃഖിതയായ കാമദേവന്റെ പത്‌നി രതീദേവിയും സ്ത്രീജനങ്ങളും മഹാവിഷ്ണുവിനെ ചെന്നുകണ്ട് പരാതി ബോധിപ്പിച്ചു. എങ്ങനെയെങ്കിലും കാമനെ പുനര്‍ജ്ജിവിപ്പിക്കണം. സങ്കല്പത്തില്‍ ഒരു കാമരൂപമുണ്ടാക്കി പൂജിച്ചാല്‍ ആഗ്രഹ നിവര്‍ത്തി വരും എന്ന് വിഷ്ണു അവരെ അറിയിച്ചു. അപ്രകാരം മീനമാസത്തിലെ കാര്‍ത്തിക നാള്‍ തൊട്ട് പൂരം നാള്‍ വരെ ഒന്‍പതു ദിവസം പതിനെട്ടു കന്യകമാര്‍ പതിനെട്ടു വര്‍ണ്ണത്തില്‍ പൂവിട്ടു പൂജിച്ചു ആടിപ്പാടി എന്നാണ് സങ്കല്പം. പൂരോത്സവത്തിന്റെ ഭാഗമായി അരങ്ങേറുന്ന പൂരക്കളി കളരിപ്പയറ്റുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നുണ്ട്. പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി പാരമ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാവണം. ശാരീരികമായ അഭ്യാസവും മെയ്‌വഴക്കവുമാണിവിടെ പ്രധാനം. വേഷവിധാനങ്ങളിലും സാമ്യതയുണ്ട്. കളരിയില്‍ കച്ചയും ചുറയും കെട്ടുന്നതുപോലെ ചുവന്ന പട്ട് തറ്റുടുത്ത് ചുറകൊണ്ട് ചുറ്റി അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും. പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. (പൂരക്കളി ആശാന്‍) പൂരക്കളിയില്‍ വിദഗ്ധനും പൂരക്കളി പാട്ടുകള്‍ മുഴുവന്‍ അറിയുന്ന ആളുമായിരിക്കും പണിക്കര്‍. കളിക്കാര്‍ വിളക്കിനു ചുറ്റും വൃത്താകൃതിയില്‍ നില്‍ക്കും. പണിക്കര്‍ പാട്ടുപാടുന്നതിനനുസരിച്ച് ശിഷ്യന്മാര്‍ ഏറ്റുപാടുകയും കളിക്കുകയും ചെയ്യും. ഇടയ്ക്ക് പണിക്കരും കളിയില്‍ കൂടും. കളിയ്ക്കിടയില്‍ വെച്ച് കളിക്കാര്‍ക്ക് ചേരുകയും ഒഴിഞ്ഞുപോവുകയും ചെയ്യാം. 
മണിയാണി, ശാലിയര്‍, മുക്കുവര്‍, കമ്മാളന്‍ തുടങ്ങി വിവിധ സമുദായക്കാര്‍ പൂരക്കളി അവതരിപ്പിക്കാറുണ്ടെങ്കിലും തീയ്യ സമുദായക്കാരുടെ കാവുകളിലാണ് പ്രധാനമായും പൂരക്കളി നടന്നു വരുന്നത്. ക്ഷേത്രം സ്ഥാനികര്‍ പൂരക്കളിയാശാനെ ക്ഷണിക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പണിക്കരും കളിക്കാരും കച്ചമുറുക്കി പന്തല്‍ പ്രവേശനം നടത്തുന്നു. ഇഷ്ട ദേവീദേവന്മാരെ വന്ദിക്കുന്നു. ദീപവന്ദനം, നവവന്ദനം, നവാക്ഷര വന്ദനം തുടങ്ങിയ വന്ദനങ്ങള്‍ക്കുശേഷം കളി ആരംഭിക്കും. പൂരമാല, ഗണപതിപ്പാട്ട്, ശ്രീകൃഷ്ണസ്തുതികള്‍ രാമായണ- ഭാരത കഥകള്‍ ആധാരമാക്കിയ പാട്ടുകള്‍ക്കൊത്ത് ചുവടുവെച്ച് നൃത്തം ചെയ്യല്‍, അങ്കം, പട, ചായല്‍, പാമ്പാട്ടം, ശൈവക്കൂത്ത്, ശക്തിക്കൂത്ത്, യോഗി, ആണ്ട്, പള്ള് എന്നിങ്ങനെയുള്ള രംഗങ്ങളും അരങ്ങേറും. പൊലിപ്പാട്ടും കൈതൊഴല്‍പ്പാട്ടും പാടിയാണ് കളി അവസാനിപ്പിക്കുക. 
പൂരക്കളിയുടെ മറ്റൊരു ഭാഗമാണ് മറത്തുകളി. ഇതൊരു മത്സരക്കളിയാണ്. പൂരക്കളി സംഘങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പണിക്കന്മാരുടെ നേതൃത്വത്തിലാണ് മറത്തുകളി നടക്കുക. സംസ്‌കൃതത്തിലും മലയാളത്തിലും അഗാധജ്ഞാനമുള്ള പണിക്കന്മാരുടെ പാണ്ഡിത്യത്തിന്റെ മാറ്റുരയ്ക്കുന്ന പരിപാടിയാണിത്. ഏതു വിഷയവും ഇവിടെ ചര്‍ച്ചയ്ക്ക് വരാം. അറിവിന്റെ കരുത്തില്‍ എതിരാളികളെ തറപറ്റിക്കുകയാണിവിടെ. വേദങ്ങളും ഉപനിഷത്തും നാട്യശാസ്ത്രവും യോഗസൂത്രവും തര്‍ക്കശാസ്ത്രവുമെല്ലാം ഇവിടെ തലനാരിഴ കീറി സംവാദത്തിന് വിധേയമാകും. ദുര്‍ഗ്രഹമായ വിഷയങ്ങള്‍ പോലും ഏറ്റവും ലളിതമായി പണിക്കന്മാര്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്. 
പൂരക്കളി ഒരു കലോത്സവ മത്സര ഇനമായതിനെത്തുടര്‍ന്ന് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ കലാരൂപത്തിന് പ്രചാരം കിട്ടിയിട്ടുണ്ട്.

ബുധനാഴ്‌ച, ജനുവരി 16, 2013

ഓട്ടൻ‌തുള്ളൽ‍.

മുന്നുറോളം കൊല്ലം‌മുമ്പ് ആവിഷ്കരിച്ചകുഞ്ചൻ നമ്പ്യാർ ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെകഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവുംനാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.
ചാക്യാര്‍കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നുഓട്ടൻ തുള്ളലിലെ വേഷക്രമത്തിന്  കഥകളി യുടേതിനോട്സാമ്യമുണ്ട് എന്നു പറയാം. കിരീടം,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ ‘അംബലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം.തുള്ളലില്‍ പ്രധാനമായും
ഉപയോഗിക്കുന്ന താളങ്ങള്‍ ഗണപതിതാളം,ചമ്പതാളം,ചെമ്പടതാളം എന്നിവയാണ് കൂടാതെ മർ‌മ്മ താളം,ലക്ഷ്മീ താളം,കുംഭ താളം,കാരികതാളം,കുണ്ടനാച്ചിതാളം തുടങ്ങിയവയും ഉണ്ട്.
മദ്ദളത്തിന്റെ ചോറിട്ട ഭാഗത്ത് അതായത് വലതുഭാഗത്ത് "തി""ന്നാം"എന്നും ഇടതുഭാഗത്ത് "ത""തോം"എന്നും പാഠക്കൈകൾ ഉള്ള തൊപ്പിമദ്ദളവും,ഓടുകൊണ്ടുണ്ടാക്കിയിരിയ്ക്കുന്ന ഘനവാദ്യമായ കുഴിത്താളവും ആണ് തുള്ളലിൽ ഉപയോഗിയ്ക്കുന്നവാദ്യങ്ങൾ രംഗാവതരണത്തിൽ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലിൽ നിരവധി രാഗങ്ങളും മേൽ‌പറഞ്ഞ താളങ്ങളും ഉപയോഗിയ്ക്കുന്നു.       ആനന്ദഭൈരവി,ബേഗഡ,ഭൂപാളം,ബിലഹരി,അഠാണ,ദ്വിജാവന്തി,ഇന്ദീശഎന്നിവയാണ് ഉപയോഗിയ്ക്കുന്ന രാഗങ്ങൾ . നർ‌ത്തകനും രണ്ട് പിൻപാട്ടുകാരും ഉൾപ്പെടുന്ന തുള്ളലിൽ മദ്ദളം ഉപയോഗിയ്ക്കുന്നത് പൊന്നാനിയും കൈമണി(കുഴിത്താളം) ഉപയോഗിയ്ക്കുന്നത് ശിങ്കിടിയുമാണ്. നർത്തകൻ പാടുന്ന തുള്ളൽ‌പാട്ടുകൾ ശിങ്കിടി ഏറ്റുപാടിയാണ് തുള്ളൽ അവതരിപ്പിയ്ക്കുന്നത്.

തിങ്കളാഴ്‌ച, ജനുവരി 14, 2013

കടങ്കഥകള്‍ -11 -ഉത്തരങ്ങള്‍

  1. ഉപ്പ്
  2. പപ്പടം
  3. ദോശ
  4. കയ്പക്ക
  5. ഉണ്ണിപ്പിണ്ടി
  6. തെങ്ങ്
  7. കരിമ്പ്
  8. വെണ്ടയ്ക്ക
  9. മത്തത്തണ്ട്
  10. ഈന്തപ്പന

കടങ്കഥകള്‍ -11

1.തീയിലിട്ടാല്‍ ചടപട ചടപട ചടപട
    നീറ്റിലിട്ടാല്‍ കാണില്ല
2.നനവേറ്റെന്നാല്‍ വാട്ടം തട്ടും
    ചൂടേറ്റെന്നാല്‍ വാട്ടം തീരും
3.ശീ.... ശൂ.... രണ്ടൊച്ച
   എടുത്തു നോക്കി നൂറോട്ട
4.കായ് കാച്ചിക പീച്ചിക
    ഇല വാടല കോടല
5.ആയിരം തിരിതിരിച്ചു
   അതിലൊരു അമ്മിക്കുട്ടി
6.കാലുകൊണ്ട് വെള്ളം കുടിച്ച്
   തലകൊണ്ട് മുട്ടയിട്ടു
7.കൈയിനു കോല്
   വായിനു കല്‍ക്കണ്ടം
8.കൈപ്പടം പോലെ ഇല വിരിഞ്ഞു
   കൈവിരല്‍ പോലെ കാ  വിരിഞ്ഞു
   ഞാനതു തിന്നുമ്പോള്‍ നീയതിന്‍റെ
    പേരു  പറയാമോ?
9.അക്കരെ നില്ക്കും കൊമ്പന്‍ കാളയ്ക്കു
   അറുപത്തിരണ്ട് മുടിക്കയറ്
10.മലയിലെ മങ്കയ്ക്കു
     തലയില്‍ ഗര്‍ഭം

ഞായറാഴ്‌ച, ജനുവരി 13, 2013

കൂടിയാട്ടം.


'കൂടിയാട്ട'മെന്നാല്‍ 'കൂടി' അഥവാ ഒരുമിച്ചുള്ള പ്രകടനം. കേരളത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കല്‍ നാടക രൂപമാണ് കൂടിയാട്ടം. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തെ അവലംബിച്ചാണ് എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ കൂടിയാട്ടം രൂപപ്പെടുന്നത്.ലോകപൈതൃകമായിയുനെസ്കോഅംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാള്‍ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.
ബി സി നാലാം നൂറ്റാണ്ടിനും ക്രി വ ആറാം നൂറ്റാണ്ടിനും ഇടയിലായിരുന്നു സംസ്കൃതനാടകത്തിന്റെ സുവർണ്ണ കാലം. ബി സി 2-ആം നൂറ്റാണ്ടിൽ ഭരതമുനി രചിച്ച നാട്യശാസ്ത്രം, ഭാസന്‍, കാളിദാസന്‍ തുടങ്ങിയ ശ്രേഷ്ഠ നാടക കൃത്തുക്കളും അക്കാലത്തെ നൃത്ത്യ-നാട്യ കലകളുടെ അഭിവൃദ്ധി സൂചിപ്പിക്കുന്നു. ഭരതമുനിയുടെ ശിഷ്യന്മാരായ കോഹലന്‍,ദത്തിലന്‍ തുടങ്ങിയവർ അദ്ദേഹത്തിന്റെ സമ്പ്രദായം പിന്തുടർന്നു എങ്കിലും പ്രാദേശിക ഭാഷകളുടെയും കലാരൂപങ്ങളുടെയും വികാസത്തോടെ സംസ്കൃത നാടക രംഗം 11-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ക്ഷയിച്ചു. കേരളത്തിലെ സംസ്കൃതനാടകരംഗം വടക്കൻ ഭാരതത്തില്‍ സംഭവിച്ചതുമായി ബന്ധമില്ലാതെ തുടർന്നു. ക്രി വ ഏഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മത്തവിലാസം ആണ് ദക്ഷിണഭാരതത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം. കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം ആശ്ചര്യചൂഢാമണി ആണെന്നും രണ്ടാമത്തേത് നീലകണ്ഠകവിയുടെ കല്യാണസൌഗന്ധികമാണെന്നും വിശ്വസിച്ചുപോരുന്നു. ചേരസാമ്രാജ്യത്തിന്റെ കേന്ദ്രീകൃത ഭരണ വ്യവസ്ഥ തകർന്നതോടെ അധികാരം കൈയ്യാളിയ നാട്ടുക്കൂട്ടങ്ങളുടെ നേതൃത്വം ഗ്രാമങ്ങൾക്കായി. ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി നിലയുറപ്പിച്ച ഗ്രാമ ജീവിതവും, ബ്രാഹ്മണര്‍ ക്ഷത്രിയരോട് അനുഗ്രഹം വഴിയും; താഴ്ന്ന ജാതിയിലുള്ളവരോട് സംബന്ധം വഴിയും ഉണ്ടാക്കിയ സഖ്യം ഒരു പുതിയ സമൂഹത്തെ സൃഷ്ടിച്ചു. വൈദിക ധർമ്മം പ്രചരിപ്പിക്കുന്നതിനുള്ള കഥകൾ പറയുന്നതിലധികം ഭംഗിയായി ഒരു നടന് അഭിനയിച്ചു ഫലിപ്പിക്കുവാനാകും എന്ന തിരിച്ചറിവാണ് നാടകത്തെ ആശയപ്രചാരണത്തിനുള്ള പറ്റിയ ഉപകരണമാക്കുവാൻ മേലാളരെ പ്രേരിപ്പിച്ചത്‌.. മഹേന്ദ്രവർമ്മൻ എഴുതിയ മത്തവിലാസം, ഭഗവദജ്ജുകം മുതലായ പ്രഹസനങ്ങളെ ഏഴാം നൂറ്റാണ്ടു മുതൽക്കുതന്നെ കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂടിയാട്ടമായി അവതരിപ്പിച്ചിരുന്നു. കൂടിയാട്ടം പ്രചുരപ്രചാരത്തിൽ വന്ന കൊല്ലവർഷാരംഭത്തിൽതന്നെ ഇതിൽ വിവരിക്കുന്ന രീതിയിലുള്ള കഥ ആടിക്കാണിക്കുവാൻ തുടങ്ങിയിരുന്നുവെന്നാണ് ശങ്ക അയ്യരുടെ അഭിപ്രായം. ബൗദ്ധരെ പരിഹസിക്കുന്നതിനു വേണ്ടിയാണ് ഇത്തരം കഥകൾ നിർമ്മിച്ചിരുന്നതെന്നും പറയപ്പെടുന്നു. അങ്ങനെ ബ്രാഹ്മണമതത്തിൻറെ പ്രചാരണം നടത്തുന്ന സാംസ്കാരിക ഉപാധികളായി ഇവയെ പരിവർത്തനം ചെയ്യുകയും ചെയ്തിരുന്നു. ക്രി.വ. 11-ആം നൂറ്റാണ്ടിൽ നാടുവാഴിയും നാടകകൃത്തുമായിരുന്ന കുലശേഖരവര്‍മ്മന്‍ നാടകസാഹിത്യത്തിന്റെ (ഗ്രന്ഥപാഠം) കൂടെത്തന്നെ അതിന്റെ അവതരണവും(രംഗപാഠം) എങ്ങനെ വേണം എന്ന് “വ്യംഗ്യവ്യാഖ്യ“ എന്ന കൃതിയിൽ രചിച്ചിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന രീതികളിൽ നിന്ന് വിഭിന്നമായി, നേത്രാഭിനയത്തിലൂടെ കൂടുതൽ നാടകീയത കൈവരിക്കുവാനും അതീലൂടെ ആസ്വാദനം തന്നെ ഒരു കലയാക്കി മാറ്റുവാനും ശ്രമിച്ചു. കുലശേഖരവർമ്മൻ രചിച്ച സംസ്കൃത നാടകങ്ങളാണ് സുഭദ്രാധനന്ജയം, തപതീസംവരണംഎന്നിവ. കുലശേഖരവർമ്മനു ശേഷവും നടന്മാർ നേത്രാഭിനയരീതി തന്നെ പിന്തുടർന്നു. ഭാസന്‍റെ കൃതികളും, അതിനോടു സാമ്യമുള്ളവയുമായിരുന്ന “ഭഗവദജ്ജുകം”, “മത്തവിലാസം”, “ആശ്ചര്യചൂഢാമണി”, “കല്യാണസൌഗന്ധികം” തുടങ്ങിയവ നേത്രാഭിനയ രീതിക്ക് ഉതകുന്നവയായിരുന്നു. ശ്രോതാക്കൾ പുതിയ അഭിനയരീതികൾ ഇഷ്ടപ്പെടുകയും അഭിനയം കൂടുതൽ നൃത്താ‍ധിഷ്ഠിതമാവുകയും ചെയ്തു. കുലശേഖരവർമ്മനുശേഷം അധികം വൈകാതെതന്നെ സംസ്കൃതനാടകം കൂടിയാട്ടമായി രൂപം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്. ക്രി വ. 12-14 നൂറ്റാണ്ടുകൾക്കിടയിൽ രംഗവേദി ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. നാടകത്തിൽ അനുഷ്ഠാനാംശങ്ങൾക്ക് പ്രാധാന്യമേറിയതും, കൂത്തമ്പലങ്ങൾ നിർമ്മിക്കേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിലെ പ്രധാന കൂത്തമ്പലങ്ങളെല്ലാം 15,16 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടവയാണ്.
കേരളത്തില്‍ കൂടിയാട്ടം ക്ഷേത്രപരിസരങ്ങളിൽ വച്ചുമാത്രം (കൂത്തമ്പലങ്ങള്‍ ഉണ്ടെങ്കിൽ അവിടെ ഇല്ലെങ്കിൽ ക്ഷേത്രമതിൽക്കകത്ത്) അവതരിപ്പിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. പറക്കുംകൂത്ത് മുതലായ ചിലത് മാത്രം സൗകര്യത്തിനുവേണ്ടി അമ്പലപ്പറമ്പുകളിൽ നടത്താറുണ്ടായിരുന്നു. അത്തരം ചില പറമ്പുകൾ ഇന്നും കൂത്തുപറമ്പ് എന്നറിയപ്പെടുന്നു. പ്രത്യേക സമുദായക്കാർ ആയിരുന്നു അത് അവതരിപ്പിച്ചിരുന്നത്. പുരുഷവേഷം കെട്ടാൻ ചാക്യാര്‍ക്കും സ്ത്രീവേഷം കെട്ടാൻ നങ്ങ്യാരമ്മമാര്‍ക്കും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. മിഴാവ് കെട്ടുന്നത് നമ്പ്യാര്‍ ആയിരിക്കണം. അഭിനയിക്കാൻ പോകുന്ന കഥ ഗദ്യത്തിൽ പറയുന്നതും നമ്പ്യാർ തന്നെ. രംഗത്തു പാട്ടുപാടി താളം പിടിക്കുന്നതും അപ്രധാന കഥാപാത്രങ്ങളുടെ സംഭാഷണവരികൾ ചൊല്ലുന്നതും നങ്ങ്യാരമ്മമാരാണ്. പ്രശസ്ത ചാക്യാർകൂത്ത്-കൂടിയാട്ടം കലാകാരനായ യശഃശരീരനായ (ഗുരു, നാട്യാചാര്യ, വിദൂഷകരത്നം‘ പത്മശ്രീ) മാണിമാധവചാക്യാര്‍ ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽ‌കെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത് അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.

പ്രധാന ചടങ്ങുകൾ

അരങ്ങുവിതാനം

കുലവാഴ, കുരുത്തോല, വെള്ളവസ്ത്രം, പട്ട് എന്നിവ കൊണ്ട് അരങ്ങിന്റെ തൂണുകളും മേൽഭാഗവും അലങ്കരിക്കുന്നു.

മിഴാവ് ഒച്ചപ്പെടുത്തൽ

കൂടിയാട്ടം തുടങ്ങുന്നു എന്ന അറിയിപ്പ് നൽകുന്ന ചടങ്ങ്. കഥകളിയിൽ ഇതിനുസമാനമായതാണ് കേളികൊട്ട് എന്ന ചടങ്ങ്.

ഗോഷ്ഠി കാട്ടുക

നമ്പ്യാർ മിഴാവിൽ കൊട്ടുന്ന ചടങ്ങ്.

അക്കിത്തം ചൊല്ലൽ

നമ്പ്യാർ മിഴാവ് കൊട്ടുന്നതിനനുസരിച്ച് നങ്ങ്യാർ പാടുന്ന ചടങ്ങ്.

നാന്ദി നിർവ്വഹണം

ദേവൻമാരെ സന്തോഷിപ്പിക്കുന്നതിനായി സൂത്രധാരൻ രംഗപ്രവേശം ചെയ്യുന്ന ചടങ്ങ്. ചാക്യാർ അരങ്ങത്തുവരുന്ന വന്ദനനൃത്തമായ ക്രിയാനാന്ദി അഥവാ രംഗപൂജ, ഈശ്വരനെ സ്തുതിക്കുന്ന ശ്ലോകനാന്ദി എന്നിങ്ങനെ നാന്ദി നിർവ്വഹണം രണ്ടുതരത്തിലുണ്ട്.

അരങ്ങുതളിക്കൽ

രാവണനാണ് കഥാനായകനെങ്കിൽ ശ്ലോകനാന്ദിയിലൂടെടെ നായകനെ സ്തുതിക്കില്ല. മറിച്ച് സീത ശ്രീരാമൻ എന്നിവരെ സ്തുതിക്കുന്ന ചടങ്ങ്.

നിർവ്വഹണം

ഒന്നാം രംഗത്തിൽ നടൻ ആദ്യമായി പ്രവേശിക്കുന്ന ചടങ്ങ്.

മംഗളശ്ലോകം

കഥാവതരണത്തിനുശേഷം മംഗളശ്ലോകം ചെയ്യുന്നത് നായകനടനാണ്.

കൂടിയാട്ടത്തിലെ ചതുർവിധാഭിനയം

 സാത്വികം

രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വികാഭിനയമാണ് കൂടിയാട്ടത്തിന്റെ മുഖ്യ ഘടകം. കൂടിയാട്ടത്തിൽ സാത്വികാഭിനയത്തിന് എട്ടു രസങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. എല്ലാ രസങ്ങളും ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും ശാന്തരസത്തിലാണ്.

ആംഗികം

കൂടിയാട്ടത്തിലെ ആംഗികം ശിരസ്സ് തൊട്ട് പാദം വരെയുള്ള അംഗോപാംഗ പ്രത്യംഗങ്ങൾ എല്ലാം തന്നെ പങ്കുചേരുന്ന സർവാംഗ അഭിനയമാണ്‌‍. നിരന്തര അഭ്യാസം കൊണ്ടുമാത്രമേ ഈ അഭിനയത്തിൽ പ്രാഗല്ഭ്യം നേടാൻ കഴിയൂ. വിദൂഷകൻറെ അഭിനയം ഒഴിച്ചുള്ള മിക്ക കഥാപാത്രങ്ങളുടെയും അഭിനയം ആംഗികപ്രധാനമാണ്‌

വാചികം

സന്ദർഭത്തിനനുസൃതമായി സ്വരങ്ങൾ പ്രയോഗിച്ച് ചൊല്ലുന്ന വാക്യത്തിനാണ് വാചികാഭിനയം എന്നു പറയുന്നത്. കൂടിയാട്ടത്തിലെ വാചികാഭിനയത്തിന് ആധാരമായി മൂലനാടകത്തിലെ പദ്യഗദ്യങ്ങൾക്ക് പുറമെ വിദൂഷകൻറെ തമിഴുംമണിപ്രവാളവും ഉപയോഗിക്കുന്നു. നായകൻ സംസ്‌കൃതശ്ലോകങ്ങൾ ഓരോന്നിനും വിധിച്ചിട്ടുള്ള പ്രത്യേക സ്വരത്തിൽ നീട്ടി ചൊല്ലുന്നു.

ആഹാര്യം

അരങ്ങും അണിയലുമാണ് ആഹാര്യം. പുരാതനകാലത്ത് കേരളത്തിലെ വിവിധ ദൃശ്യരൂപങ്ങളിൽ നിലവിലിരുന്ന വേഷക്രമങ്ങൾ പരിഷ്കരിച്ചതാണ് കൂടിയാട്ടത്തിലെ ചമയങ്ങൾ
 

കഥകളി


എ.ഡി പതിനേഴാം നൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരാന്‍ ഉണ്ടാക്കിയ ‘രാമനാട്ടം’ എന്ന കലാരൂപത്തിന്‍റെ പരിഷ്കൃതരൂപമാണ് കഥകളി. നൃത്തം, അഭിനയം, സംഗീതം മുതലായ സുന്ദരകലകള്‍ സമ്മേളിക്കുന്ന  കലാരൂപമാണ് കഥകളി. കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെയുള്ള ചതുര്‍വിധാഭിനയങ്ങള്‍ കഥകളിയുടെ സവിശേഷതയാണ്. കേളി, അരങ്ങുകേളി, തോടയം, വന്ദനം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിങ്ങനെ കഥകളിയുടെ അവതരണത്തിന് നിയതമായ ക്രമമുണ്ട്. അംഗങ്ങള്‍ , ഉപാംഗങ്ങള്‍ , പ്രത്യാംഗങ്ങള്‍ എന്നിവയുടെ ചലനാഭിനയങ്ങളാണ് ആംഗികം. കഥകളിയിലെ പാട്ടാണ് വാചികം. രസാഭിനയമാണ് സാത്വികാഭിനയം. സത്വരജുസ്തമോ ഗുണങ്ങളുടെ  പ്രതിനിധികളാണ് കഥകളിയിലെ കഥാപാത്രങ്ങള്‍ . ഈ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ആഹാര്യം തയാറാക്കുന്നത്. പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളിവേഷങ്ങളുടെ വിഭജനം. ഇത് പ്രധാനമായും മുഖത്തേപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
കഥകളിയിലെ നൃത്തങ്ങള്‍ക്ക് കലാശം എന്നാണ് പറയുക. വട്ടംവെച്ചു കലാശം, ഇരട്ടിക്കലാശം, ഇടക്കലാശം, അടക്കം, തോങ്കാരം, എടുത്തുകലാശം, അഷ്ടകലാശം, വലിയ കലാശം, മുറിക്കലാശം, ധനാശി കലാശം എന്നിങ്ങനെ കലാശങ്ങള്‍ പത്തുവിധം. ചെണ്ട, മദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയിലെ വാദ്യങ്ങള്‍ . അരങ്ങില്‍ മുന്‍ഭാഗത്ത് മധ്യത്തിലായി വലിയ നിലവിളക്ക് (കളിവിളക്ക്) കൊളുത്തിവെക്കും. അരങ്ങില്‍ തിരശ്ശീല ഉപയോഗിക്കും. ആദ്യകാലഘട്ടത്തില്‍ ജാതിശ്രേണിയിലെ മുന്നാക്ക വിഭാഗത്തില്‍പെട്ട ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ എന്നീ സമുദായക്കാരാണ് കഥകളി അഭ്യസിച്ചിരുന്നത്. കഥകളിയെ ഒരു സമ്പൂര്‍ണ നൃത്തകലയാക്കി വികസിപ്പിച്ചത് ഉത്തരകേരളത്തിലെ കോട്ടയത്തു തമ്പുരാന്‍ ആയിരുന്നു.

വെട്ടത്തു സമ്പ്രദായം

രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടത്തുരാജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ്.
  • നടൻമാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി.
  • പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
  • കത്തി, താടി വേഷങ്ങൾക്ക് തിരനോട്ടം ഏർപ്പെടുത്തി.
  • രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ട ഏർപ്പെടുത്തി.
  • കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു.
  • മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു.
വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി.

കപ്ലിങ്ങോടൻ സമ്പ്രദായം

  • കത്തി, താടി, കരി എന്നിവയ്ക്ക് മൂക്കത്തും ലലാടമധ്യത്തിലും ചുട്ടിപ്പൂ ഏർപ്പെടുത്തി.
  • ചുട്ടിയ്ക്ക് അകവിസ്തൃതി കൈവരുത്തി.
  • മുനിമാർക്ക് മഹർഷിമുടി നിർദ്ദേശിച്ചു.
  • രാവണൻ, ജരാസന്ധൻ, നരകാസുരൻ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കത്തിവേഷത്തിന് പ്രാധാന്യം നൽകി.

    കല്ലുവഴിച്ചിട്ട

    ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.
    രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം.സംഘക്കളി,അഷ്ടപദിയാട്ടം,തെയ്യം,പടയണി,കൂടിയാട്ടം,തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്.രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.

ശനിയാഴ്‌ച, ജനുവരി 12, 2013

സംഖ്യാചൊല്ലുകള്‍

  1. അരഹാജി ദീന്‍ കൊല്ലും
  2. ഒന്നില്‍ പിഴച്ചാല്‍ മൂന്ന്
  3. രണ്ടാമതു മുറുക്കലുമില്ല മൂന്നാമതു മുഴയുമില്ല
  4. മൂന്നു പെണ്ണുള്ള ദിക്കില്‍ മുറ്റമടിക്കില്ല
  5. നാലുപേര്‍ പറഞ്ഞാല്‍ അമ്മയെ കളയണം
  6. അഞ്ചാം കഞ്ഞി അടുപ്പത്തും പിള്ളാരുടെ അച്ഛന്‍ പാടത്തും
  7. ആറും അറുപതുമൊരുപോലെ
  8. ഏഴില്‍ തിരിയാത്തവന് എഴുപതിലും തിരിയില്ല
  9. എട്ടാമത്തെ പെണ്ണ് എത്തി നോക്കുന്നിടം മുടിയും
  10. ഒമ്പതാമത്തെ പെണ്ണു പൊന്‍പണം വാരും
  11. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകുമോ

ലോഹച്ചൊല്ലുകള്‍

  1. .ഇരുമ്പിന്  തുരുമ്പ് കേട്
  2.  ഇരുമ്പുരസം കുതിര അറിയും ചങ്ങലരസം ആന അറിയും
  3.  ചെമ്പിനും വാര്‍പ്പിനും അടുപ്പുകല്ലുമൂന്ന്
  4.  ചെമ്പെന്നും ചൊല്ലി ഇരുമ്പിനു ചോര കളഞ്ഞു
  5.  സ്വര്‍ണ്ണമായാലും വര്‍ണ്ണം വേണം
  6.  സ്വര്‍ണ്ണസൂചി എന്നു വച്ചിട്ടു കണ്ണില്‍ കുത്താറുണ്ടോ
  7.  വെള്ളി കൊടുത്താല്‍ വിന തീരും
  8.  വെള്ളിയിട്ട കാലിനു വെറും കാലടിമ
  9.  തങ്കച്ചെരിപ്പായാലും തലയില്‍ കയറ്റരുത്
  10.  തങ്കം മങ്കയെ മയക്കും

ഞായറാഴ്‌ച, ജനുവരി 06, 2013

രാമനാട്ടം

കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീരകേരളവര്‍മ്മ (1653-1694) രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌.കോഴിക്കോട്ടെ സാമൂതിരിയായിരുന്ന മാനവേദൻ, എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടംനിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടു. കൃഷ്ണനാട്ടം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം പ്രദർശിപ്പിക്കാനുള്ളതാണെന്നും മാത്രമല്ല തെക്കുള്ളവർക്കു അത് കണ്ട് മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലെന്നും പറഞ്ഞു മാനവേദൻ കൊട്ടാരക്കരത്തമ്പുരാന്റെ അപേക്ഷ നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നുമാണ് ഐതിഹ്യം. കൃഷ്ണനാട്ടത്തിന്റെ ഭാഷ വരേണ്യഭാഷയായ സംസ്കൃതമായിരുന്നു. എന്നാൽ രാമനാട്ടത്തിന്റെ ഭാഷ കേരളത്തിലെ സാധാരണജനങ്ങളുടെ ഭാഷയായ മലയാളം ആയിരുന്നു. ഇത് രാമനാട്ടത്തിന് കൂടുതൽ ജനപ്രീതി ലഭിക്കുന്നതിന് കാരണമായി.വാല്മീകിരാമായണത്തെ ആസ്പദമാക്കി മണിപ്രവാളം ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള രാമനാട്ടത്തിൽ രാമന്‍റെഅവതാരം, വിവാഹം, വാനപ്രസ്ഥം, സീതാപഹരണം, രാമരാവണയുദ്ധം, രാവണവധം, രാമന്റെ പട്ടാഭിഷേകം എന്നീ സംഭവങ്ങളായാണ് വിവരിച്ചിരിക്കുന്നത്. ഇത് എട്ട് പദ്യഖണ്ഡികകളാക്കി തിരിച്ചിരിക്കുന്നു. പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണായുധം, സേതുബന്ധനം, യുദ്ധം എന്നിവയാണ്. രാമായണത്തെ നൃത്തരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാൻ ചെയ്തത് . അതിനാൽ പദ്യങ്ങളുടെ സാഹിത്യഭംഗിയിൽ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല.രാമനാട്ടത്തില്‍ കൂടിയാട്ടം, അഷ്ടപദിയാട്ടം എന്നീ ക്ഷേത്രകലാരൂപങ്ങളുടെ സ്വാധീനം മാത്രമല്ല , നാടന്‍ കലകളായ മുടിയേറ്റ്, പടയണി, കളമെഴുത്ത് തുടങ്ങിയവയുടേയും സ്വാധീനം കാണാം.

ശനിയാഴ്‌ച, ജനുവരി 05, 2013

കൃഷ്ണനാട്ടം


  പതിനേഴാം നൂറ്റാണ്ടില്‍ കോഴിക്കോട്ടെ സാമൂതിരി രാജാവായ മാനവേദന്‍ അവതരിപ്പിച്ച ദൃശ്യകലയാണ് കൃഷ്ണനാട്ടം. ശ്രീകൃഷ്ണകഥയെ ആധാരമാക്കി മാനവേദന്‍ സംസ്കൃതത്തില്‍ ‘കൃഷ്ണഗീതി’ എന്ന ദൃശ്യകാവ്യം അഭിനയയോഗ്യമായി കൃഷ്ണനാട്ടം അവതരിപ്പിക്കുന്നു. അവതാരം, കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം എന്നിവയാണ് എട്ടു ദിവസമായി അവതരിപ്പിക്കുന്ന കഥകള്‍.
നൃത്തപ്രധാനമായ അഭിനയത്തിനാണ് കൃഷ്ണനാട്ടത്തില്‍ പ്രാധാന്യം. ഗ്രാമീണ നൃത്തപാരമ്പര്യത്തിന്റെ സ്വാധീനത കൃഷ്ണനാട്ടത്തില്‍ കാണാം. ശ്ലോകങ്ങളും പദങ്ങളും പിന്നണിയില്‍ നിന്ന് ഗായകര്‍ പാടുകയും നടന്മാര്‍ അതിനൊത്ത് നൃത്തപ്രധാനമായി അഭിനയിക്കുകയുമാണ് ഈ കലാരൂപത്തിലെ രീതി. തൊപ്പിമദ്ദളം, ശുദ്ധമദ്ദളം, ഇടയ്ക്ക എന്നിവയാണ് വാദ്യങ്ങള്‍. തൊപ്പിമദ്ദളം സാത്വിക വേഷങ്ങള്‍ക്കും ശുദ്ധമദ്ദളം അസുരവേഷങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നു. ചെമ്പട, ചെമ്പ, അടന്ത, പഞ്ചാരി എന്നീ താളങ്ങള്‍ക്കനുസൃതമായി വിന്യസിക്കപ്പെടുന്ന നൃത്തച്ചുവടുകളാണ് കൃഷ്ണനാട്ടത്തിന്റെ സവിശേഷത.
പ്രചാരം കുറഞ്ഞ കലാരൂപമാണ് കൃഷ്ണനാട്ടം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി കൃഷ്ണനാട്ടം നടത്തുന്നതു കൊണ്ട് ഈ കല അന്യം നിന്നു പോകുന്നില്ല. ഓരോ ദിവസത്തെ കഥയും വഴിപാടായി കളിപ്പിക്കുന്നതിന് പ്രത്യേകം ഫലങ്ങള്‍ ഉണ്ടാകുമെന്നാണു വിശ്വാസം. സന്താനലബ്ധിക്ക് ‘അവതാരം’, വിവാഹം നടക്കാന്‍ ‘സ്വയംവരം’, സ്ത്രീകളുടെ ഐശ്വര്യത്തിന് ‘രാസക്രീഡ’, ശത്രുനാശത്തിന് ‘കംസവധം’, ദാരിദ്ര്യമുക്തിക്ക് ‘വിവിദ വധം’, സര്‍പ്പകോപം തീരാന്‍ ‘കാളിയമര്‍ദ്ദനം’, ശുഭകാര്യമുണ്ടാവാന്‍ ‘ബാണയുദ്ധം’ എന്നിവ നടത്തുന്നു. ‘സ്വര്‍ഗാരോഹണം’ മാത്രം ഒറ്റയ്ക്കു നടത്താറില്ല. അതിനോടൊപ്പം ‘അവതാരം’ കൂടി നടത്തണമെന്നാണ് നിയമം. ‘സ്വര്‍ഗാരോഹണ’ത്തിന് വിശേഷിച്ച് ഒരു ഉദ്ദിഷ്ടകാര്യംനിര്‍ദ്ദേശിക്കപ്പെട്ടിട്ടുമില്ല . എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്കൃഷ്ണനാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്. രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട്. കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും, കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സം‌വിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ഡവപ്രധാനമാണ്.

വെള്ളിയാഴ്‌ച, ജനുവരി 04, 2013

മുടിയേറ്റ്


മധ്യ-ദക്ഷിണകേരളത്തിലെ അനുഷ്ഠാനപരമായ നാടോടി നാടകരൂപം. ഭദ്രകാളിയുടെ പ്രീതിക്കുവേണ്ടി നടത്തുന്നു. മുടിയെടുപ്പ് എന്നും പേരുണ്ട്. അസുരനായ ദാരികനെ കാളി വധിച്ച കഥയാണ് മുടിയേറ്റിന്റെ ഇതിവൃത്തം. ശിവന്‍, നാരദന്‍, കാളി, രാക്ഷസരാജാവ്, ദാനവേന്ദ്രന്‍, കൂളി, കോയിമ്പിടാര്‍ എന്നിവരാണ് കഥാപാത്രങ്ങള്‍. പിന്‍പാട്ടുകാരുടെ ഗാനങ്ങള്‍ക്കനുസരിച്ച് നടന്‍മാര്‍ കാളി-ദാരിക യുദ്ധകഥ അഭിനയിക്കുന്നു. വീക്കുചെണ്ട, ഉരുട്ടു ചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു.

അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണപ്പൊടി കൊണ്ട് ഭദ്രകാളിക്കളം വരയ്ക്കുന്നു. കളം പൂജ, കളം പാട്ട്, താലപ്പൊലി, തിരിയുഴിച്ചില്‍ എന്നിവയ്ക്കു ശേഷം കളം മായ്ക്കും. അതു കഴിഞ്ഞാണ് മുടിയേറ്റ് തുടങ്ങുന്നത്. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട് മനുഷ്യര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ നാരദന്‍ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ് ആരംഭിക്കുന്നു. തുടര്‍ന്ന് ദാരികന്‍ പ്രവേശിക്കുന്നു. അതു കഴിഞ്ഞ് കാളിയും കൂളിയും വരുന്നു. കാളിയുടെ കലിയിളകല്‍, കലി ശമിപ്പിക്കല്‍, കോയിമ്പിടാരും വാദ്യക്കാരും തമ്മിലുള്ള സംവാദം, കൂളിയുടെ കോമാളി പ്രകടനങ്ങള്‍, കാളി - ദാരിക യുദ്ധം, ദാരികന്റെ ശിരച്ഛേദം എന്നിവയാണ് ഈ നാടോടി നാടകത്തിലെ മുഖ്യരംഗങ്ങള്‍.

പന്തങ്ങളുടെയും തീവെട്ടികളുടെയും വെളിച്ചത്തിലാണ് മുടിയേറ്റ് അരങ്ങേറുന്നത്. കഥാപാത്രങ്ങള്‍ക്ക് മുഖത്ത് ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്. അരിമാവും ചുണ്ണാമ്പും ചേര്‍ത്ത് കാളിയുടെ മുഖത്ത് ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട് ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയില്‍ അണിയുന്നു. മുടിയേറ്റ് എന്ന് പേരുണ്ടാകാനും കാരണം ഇതു തന്നെ. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി


 

വ്യാഴാഴ്‌ച, ജനുവരി 03, 2013

പരിചമുട്ടുകളി

 കേരളത്തിന്‍റെ വിവിധഭാഗങ്ങളിലായി പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. പത്തോപന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമായാണ് അവതരിപ്പിയ്ക്കുന്നത്. വാളും പരിചയം കയ്യിലേന്തി ആശാൻ ചൊല്ലുന്ന പാട്ടിന്റെ ഈണത്തിൽ കളരിച്ചുവടുകൾ വച്ച് നൃത്തം ചെയ്താണ്‌ ഈ കളി അവതരിപ്പിക്കുന്നത്. കളരിപ്പയറ്റിന്റെയും പരിചകളിയുടേയും സ്വാധീനം ദർശിക്കാവുന്നതായ ഈ കലാരൂപം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ വിശേഷവസരങ്ങളിൽ മുഖ്യ ഇനമായി അവതരിപ്പിച്ചു വന്നിരുന്നു. ഇപ്പോഴും ചില പ്രദേശങ്ങളിൽ പെരുന്നാളുകളോടനുബന്ധമായി പരിചമുട്ടുകളി അവതരിപ്പിക്കാറുണ്ട്. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു, മുസ്ലീം പാരമ്പര്യത്തിലും ഈ കളി അവതരിപ്പിക്കപ്പെടുന്നു.
ആരോഗ്യദൃഡഗാത്രരായ ഒരു സംഘം പുരുഷന്മാർ കൈയ്യിൽ നീളം കുറഞ്ഞ വാളും വൃത്താകൃതിയിലുള്ള പരിചയുമേന്തിയാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്. അരക്കച്ച, തലയിൽക്കെട്ട് തുടങ്ങിയ വേഷവിധാനങ്ങളും ചില പ്രദേശങ്ങളിൽ നിലവിലുണ്ട്. വാദ്യങ്ങളുടെ സഹായത്തോടും അല്ലാതെയും ഇത് അവതരിപ്പിയ്ക്കാറുണ്ട്. അതുപോലെ തന്നെ കല്യാണവീടുകളിലും മറ്റും നാട്ടുകാർ ചേർന്നു പരിചമുട്ടുകളിക്കുമ്പോൾ എല്ലാവിധ വേഷവിധാനങ്ങളും ഉപയോഗിച്ചു കാണെണമെന്നില്ല. കളി തുടങ്ങും മുൻപ് കത്തിച്ച നിലവിളക്കിന് ചുറ്റും നിന്ന് കളിക്കാർ ദൈവസ്തുതി നടത്തും.ആദ്യം അഭ്യാസങ്ങളാണ് അവതരിപ്പിക്കുന്നത്. പിന്നെ വാളും പരിചയും ധരിച്ച് വൃത്തത്തിൽ നിന്ന് താളം ചവിട്ടും. വൃത്തത്തിനുള്ളിൽ ആശാൻ ഉണ്ടാവും. പാട്ടുകൾ ആലപിക്കുന്നത് ആശാനായിരിക്കും. ഇലത്താളവുമായി ഒരേ താളത്തിലും നീട്ടിയും പാട്ടുകൾ അവതരിപ്പിക്കും. ശിഷ്യന്മാരായ സംഘാംഗങ്ങൾ അതേറ്റുപാടുകയും താളത്തിൽ പരിചമുട്ടിക്കുകയും ചെയ്യും.സാധാരണയായി യുദ്ധമുഖത്തുകാണുന്ന തന്ത്രങ്ങളുടെ ഒരു രൂപം ഇതിലൂടെ അവതരിപ്പിയ്ക്കുന്നു. ഉയർ‌ന്നും താഴ്ന്നും കുതിച്ചുചാടിയും പിൻ‌വാങ്ങിയും വാളുകൊണ്ട് വെട്ടിയും പരിച കൊണ്ട് തടുത്തുമെല്ലാം മുന്നേറുന്നതിനിടെ ആശാൻ ഇലത്താളം മുറുക്കുകയും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായ് "ഹോയ് ഹോയ്" എന്നട്ടഹസിക്കുകയും "ഹായ് തിന്തകത്തെയ് തിന്തകത്തെയ് " എന്നു കലാശം കൊടുക്കുകയും ചെയ്യാറുണ്ട്.ചിലപ്പോൾ കളിവൃത്തത്തിന് പുറത്തുനിന്നും ആശാൻ പാട്ടു പാടാറുണ്ട്.
ക്രൈസ്തവരുടെ ഇടയിൽ തന്നെ വിവിധ സമുദായങ്ങൾ വ്യത്യസ്ത കേളീശൈലികൾ പിൻതുടർന്നു വന്നിരുന്നു. അവതരണം, ചമയം, വേഷഭൂഷാദികൾ എന്നിവയിൽ വിവിധ ശൈലികൾ തമ്മിൽ അത്ര പ്രകടമായ വ്യത്യാസങ്ങൾ ഇല്ല. പ്രധാന വ്യത്യാസം കളിപ്പാട്ടിലെ സാഹിത്യത്തിലാണ്‌.