ശനിയാഴ്‌ച, മാർച്ച് 30, 2013

പടയണി

കേരളത്തിന്‍റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി . പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. . വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻ‌പാളകളിൽ നിർ‌മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾ‌ക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ,പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് മാത്രമാണിപ്പോൾ പടയണി അരങ്ങേറുന്നത്.പടയണിക്കു വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഊണ്ട് . കവി കടമ്മനിട്ട രാമകൃഷ്ണന്‍ തൻറെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചതിനാൽ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി. [